നവതിയുടെ നിറവിൽ

നവതിയുടെ നിറവിൽ മലങ്കര മാർത്തോമ

വിശുദ്ധ തോമാശ്ലീഹായാൽ  സ്ഥാപിതമായ മലങ്കരയുടെ ശ്ലൈഹീകസിംഹാസനാധിപനും, മലങ്കര മാർത്തോമാ സുറിയാനി സഭയുടെ പരമാദ്ധ്യക്ഷനുമായ  അഭിവന്ദ്യ Dr. ജോസഫ് മാർത്തോമാ മെത്രാപ്പോലീത്ത തിരുമേനി ദൈവകൃപയുടെ തണലിൽ,  ജീവിതപന്ഥാവിൽ ഒൻപതു പതിറ്റാണ്ട് പൂർത്തിയാക്കുന്ന ഈ അവസരത്തിൽ തിരുമേനിക്ക് Qadosh മീഡിയയുടെ എല്ലാ  പ്രാർത്ഥനകളും ആശംസകളും  നേരുകയാണ്.

ഐക്യ മലങ്കര സഭയുടെ ശുചീകരണത്തിന് ചുക്കാൻ പിടിച്ച അബ്രഹാം മൽപ്പാന്റെയും, സഭയുടെ പരമാധ്യക്ഷ സ്ഥാനമലങ്കരിച്ച  4 മെത്രാപ്പോലീത്ത തിരുമേനിമാരുടെയും ജന്മഗൃഹമായ മാരാമൺ പാലക്കുന്നത്തുവീട് തന്നെയാണ് മലങ്കര സഭയുടെ 21-മത് മാർത്തോമയായ ജോസഫ് മാർത്തോമയെ സഭക്ക് നൽകിയത്.
16-മത് മാർത്തോമയായിരുന്ന  തീത്തൂസ് ദ്വിതീയൻ മെത്രാപ്പോലീത്തായുടെ ജേഷ്ഠ സഹോദരന്റെ  പൗത്രൻ  പാലക്കുന്നത്ത് ശ്രീ. ലൂക്കോച്ചന്റെയും പുത്തൂർ വീട്ടിൽ ശ്രീമതി  മറിയാമ്മയുടെയും മകനായി 1931 ജൂൺ 27-ാം തീയതി ജനിച്ച തിരുമേനി മഹത്തായ ഒരു  പാരമ്പര്യത്തിന്റെ അന്തരീ ക്ഷത്തിലാണ് ബാല്യകാല ജീവിതം കരുപ്പിടിപ്പിച്ചത് .

കോഴഞ്ചേരി സെന്റ് തോമസ് ഹൈസ്കൂൾ,ആലുവാ യു.സി. കോളേജ്  എന്നിവിടങ്ങളിൽ നിന്ന് വിദ്യാഭ്യാസം നേടിയശേഷം  സഭാശുശൂഷയ്ക്കായി സമർപ്പിതനായി ബാംഗ്ലൂർ യു.റ്റി. കോളജിൽ നിന്നും ബി.ഡി.ബിരുദവും  സമ്പാദിച്ചു. 1957 ജൂൺ 29-ാം തീയതി ശെമ്മാശ് പട്ടവും 1957 ഒക്ടോബർ 18-ാം തീയതി കശ്ശീശാ പട്ടവും സ്വീകരിച്ച് തന്റെ വൈദിക ജീവിതം ആരംഭിച്ചു.

മാർത്തോമാ സഭാ പ്രതിനിധി മണ്ഡലത്തിന്റെ തീരുമാനപ്രകാരം 1975 ജനുവരി 11-ന് റമ്പാനായും പിന്നീട് ഫെബ്രുവരി 8 നു   ജോസഫ്‌ മാർ ഐറേനിയോസ് എന്ന നാമത്തിൽ എപ്പിസ്ക്കോപ്പായായും അഭിഷിക്തനായ തിരുമേനി 1999 മാർച്ച്‌ 15-ന് ഫിലിപ്പോസ് മാർ ക്രിസോസ്റ്റം തിരുമേനി, മാർത്തോമ്മ മെത്രാപ്പോലീത്തയായി ഉയർത്തപ്പെട്ടപ്പോൾ മാർത്തോമ മെത്രാപ്പോലീത്തയ്ക്ക് ശേഷമുള്ള അടുത്ത സ്ഥാനമായ സഫ്രഗൻ മെത്രാപ്പോലീത്ത എന്ന സ്ഥാനത്തേക്ക്  നിയോഗിതനായി .

ശാരീരിക ബുദ്ധിമുട്ടുകൾ മൂലം മാർ ക്രിസോസ്റ്റം  തിരുമേനി  സ്ഥാനമൊഴിഞ്ഞതിനെ തുടർന്ന് സഭയുടെ അടുത്ത മെത്രാപ്പോലീത്തയായി 'ജോസഫ്‌ മാർത്തോമ്മ' എന്ന പേരിൽ മാർ ഐറെനിയോസ് തിരുമേനി,  മലങ്കര മെത്രപ്പോലീത്തയായി സ്ഥാനാരോഹണം ചെയ്തു.അന്ന് മുതൽ ഇന്ന് വരെ  സഭയെ ശക്തമായി നയിച്ചുവരുന്നു.

Qadosh മീഡിയ എന്ന ആശയം ഞങ്ങളുടെ   മനസ്സിൽ ആദ്യമായി രൂപപ്പെട്ട നാൾ മുതൽ ഇന്നുവരെ ഞങ്ങൾക്ക് നൽകി വരുന്ന പിന്തുണയ്ക്കും അളവറ്റ പ്രോത്സാഹനത്തിനും പ്രാർത്ഥനയ്ക്കും ഞങ്ങൾ നന്ദി പറയുകയാണ്.

 നിലപാടുകളിൽ മായമില്ലാത്ത നേതാവായി, പ്രതിസന്ധികളിൽ തളരാതെ പോരാളിയായി,   വാത്സല്യമുള്ള പിതാവായി, കണിശക്കാരനായ കാരണവരായി മലങ്കരയുടെ ശ്ലൈഹീക സിംഹാസനമലങ്കരിക്കാൻ ഇനിയും ഏറെക്കാലം ആയുർ ആരോഗ്യത്തോടെ ജീവിക്കാൻ സർവ്വശക്തനായ ദൈവം തിരുമേനിക്ക് കരുത്തും,  ശക്തിയും, സർവ്വ നന്മയും  തന്ന് ധാരാളമായി അനുഗ്രഹിക്കട്ടെ എന്ന് ആത്മാർത്ഥമായി പ്രാർത്ഥിക്കുന്നു.

 ക്രിസ്തുവിൽ സ്നേഹത്തോടെ

-QADOSH MEDIA TEAM-